തലശേരി: കണ്ണൂർ എഡിഎം ആയിരുന്ന കെ. നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിൽ വിധി പറയുന്നത് തലശേരി അഡീഷണൽ ജില്ലാ കോടതി (രണ്ട്) ജഡ്ജി ടിറ്റി ജോർജ് 16 ലേക്കു മാറ്റി.
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കാര്യത്തിലെ അന്വേഷണത്തിൽ സംശയം ഉന്നയിച്ചാണ് മഞ്ജുഷ തുടരന്വേഷണ ഹർജി നൽകിയത്. അന്വേഷണം സംബന്ധിച്ച മുഴുവൻ രേഖകളും കുറ്റപത്രത്തിനൊപ്പം നൽകിയില്ലെന്നാണ് മഞ്ജുഷയുടെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടിയത്.
തുടരന്വേഷണം ആവശ്യമില്ലെന്ന് പ്രോസിക്യൂഷനും തുടരന്വേഷണം നടത്തുകയാണെങ്കിൽ ഉടൻ റിപ്പോർട്ട് നൽകണമെന്ന് കേസിൽ പ്രതി ചേർക്കപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയുടെ അഭിഭാഷകനും വാദിച്ചു.
തുടരന്വേഷണം ആവശ്യമില്ലെന്ന് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി.പി. ദിവ്യക്കെതിരേ ആത്മഹത്യാ പ്രേരണയ്ക്കാണ് കേസെടുത്തിരുന്നത്.